ബജറ്റ് റിപ്പോർട്ട് 2026-27
നവകേരള വികസനത്തിന്റെ തന്ത്രപ്രധാനമായ ഒരു സ്ഥാനം അധികാര വികേന്ദ്രീകരണത്തിനുണ്ട്. ജനകീയസൂത്രണ പാതയിൽ നാം 29 വർഷകാലം പിന്നിട്ടിരിക്കുകയാണ്. കൂടാതെ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ അവസാന വർഷത്തേക്ക് കടക്കുമ്പോൾ വിവിധ മേഖലകളിൽ നമ്മുടെ പ്രദേശത്തെ ആവശ്യങ്ങളും പോരായ്മകളും കണ്ടെത്തി അവ പരിഹരിക്കുന്നതിനുള്ള സമഗ്രമായ കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനുള്ള ഉദ്യമമാണ് ഈ ബജറ്റ് ലക്ഷ്യം വയ്ക്കുന്നത്.
നമ്മുടെ പ്രാദേശിക വിഭവാടിത്തറ ശക്തിപ്പെടുത്തി ഉൽപാദന, സേവന, പശ്ചാത്തല മേഖലകളിൽ ജനതയുടെ ആശയാഭിലാഷങ്ങള്ക്ക് അനുസൃതമായ കൃത്യമായി ഇടപെടുന്നതിനും അനിവാര്യമായ നിരവധി കർമ്മ പരിപാടികളാണ് ബജറ്റിലൂടെ നടപ്പിലാക്കുന്നതിനാണ് പേരയം ഗ്രാമപഞ്ചായത്ത് ഭരണസമിതി നേതൃത്വം നൽകുവാൻ ഉദ്ദേശിക്കുന്നത്.
2026-27 വാർഷിക പദ്ധതി രൂപീകരണത്തിന് സർക്കാർ മുൻഗണന നൽകി നിശ്ചയിച്ചിട്ടുള്ള നിർബന്ധിത പ്രോജക്ടുകൾക്ക് പുറമേ ഭവന നിർമ്മാണം, കൃഷി, ആരോഗ്യ, വിദ്യാഭ്യാസം, തൊഴിൽ, വയോജനം, കുട്ടികൾ, വനിതകൾ, ഭിന്നശേഷി, പട്ടികജാതി, മത്സ്യം, ടൂറിസം, ശുചിത്വം, കുടിവെള്ളം, പ്രകൃതി സംരക്ഷണം, പശ്ചാത്തല വികസനം, പുത്തൻ സാങ്കേതികവിദ്യ തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ ന്യൂതനാശയങ്ങളും സാധ്യതകളും കൂട്ടിച്ചേർത്ത് നിശ്ചയദാർഢ്യത്തോടെ ഇച്ഛാശക്തിയോടെ നടപ്പിലാക്കാൻ ധാരാളം പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
നാടിൻറെ സുസ്ഥിരവികസനത്തിനും ജനതയുടെ ക്ഷേമത്തിനും സാമൂഹ്യ നീതിക്കും തുല്യതയ്ക്കും സാധ്യമാകുന്ന രീതിയിൽ ജനാഭിലാഷങ്ങൾ ജനകീയ പ്രസ്ഥാനത്തിൻറെ സ്വാഭാവികമായ സ്വർഗാത്മകത ന്യൂതന പദ്ധതികളായി ആവിഷ്കരിക്കുന്നതിന് ശ്രമിച്ചിട്ടുണ്ട്. ആ പദ്ധതികൾ നവ പേരയം സൃഷ്ടിക്കാനായി 100% പ്രാവർത്തികമാക്കുന്നതിന് ജനങ്ങളുടേയും ഉദ്യോഗസ്ഥരുടേയും പരിപൂർണ്ണ പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് സവിനയം അവതരിപ്പിക്കുന്നു.
സ്നേഹാദരങ്ങളോടെ,
ബജറ്റ് അവതരണം
വയലാറിന്റെ അശ്വമേധത്തിലെ ഏതാനം വരികൾ ഇവിടെ കൂട്ടി ചേർക്കുന്നു.
ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ
പച്ചമണ്ണിൻ മനുഷ്യത്വമാണ് ഞാൻ
ദിഗ് വിജയത്തിനെന് സർഗ്ഗശക്തിയാ-
മിക്കുതിരയെ വിട്ടയക്കുന്നു ഞാൻ
ആരൊരാളെന് കുതിരയെ കെട്ടുവാൻ
ആരൊരാളതിന് മാർഗ്ഗം മുടക്കുവാൻ
ലൈഫ് ഭവന പദ്ധതി
സാമൂഹിക വികസനത്തിന്റെ ഓരങ്ങളിലേക്ക് ഒതുക്കപ്പെട്ടു പോകാവുന്ന നിർദ്ധനരെയും, അഗതികളെയും നവകേരള നിർമിതിയിൽ പൊതു ധാരയോടൊപ്പം ചേർത്ത് നിർത്തുന്നതിന് ആദ്യം വേണ്ടത് അവരുടെ ജീവിത സുരക്ഷ ഉറപ്പുവരുത്തുകയാണ്. അതിനായി നമ്മുടെ ഗ്രാമങ്ങളിൽ സ്വന്തമായി വീട് വെക്കാൻ ശേഷിയില്ലാത്തവർക്കും അവരിൽ തന്നെ പിന്നോക്ക അവസ്ഥയിൽ ഉള്ളവർക്കും സാമൂഹ്യ സുരക്ഷ ഉറപ്പ് നൽകുന്ന പുനരധിവാസ പദ്ധതിയാണ് ലൈഫ് പദ്ധതി(LIVELIHOOD INCLUSION AND FINANCIAL EMPOWERMENT). സമഗ്ര ഭവന സാമൂഹിക വികസന പദ്ധതിയാണ് ഇത്. വീടിനോടൊപ്പം തന്നെ ജീവനോപാധി, സാമ്പത്തിക ശാക്തീകരണം ഇവ ലക്ഷ്യം വെക്കുന്ന ഈ പദ്ധതിക്ക് നമ്മുടെ ഈ സാമ്പത്തിക വർഷത്തിൽ വലിയ പ്രാധാന്യം തന്നെ നൽകിക്കൊണ്ട് മൂന്നര കോടി രൂപ വകയിരുത്തിയിരിക്കുകയാണ്. നമ്മുടെ ഗ്രാമപഞ്ചായത്തിലെ മുഴുവൻ ജനങ്ങളും സുരക്ഷിതരായി അടച്ചുറപ്പുള്ള വീടുകളിൽ കഴിയുന്നത് ഉറപ്പുവരുത്തുകയാണ് നമ്മുടെ ലക്ഷ്യം. അതിൻറെ ഭാഗമായി വീട് മെയിൻറനൻസിനായി 24 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ലൈഫ് ഭവന നിർമ്മാണം ആദ്യ ഘട്ടമായി നാല്പ്പത് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
അതിദാരിദ്ര്യം
അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി ശാശ്വത പരിഹാരം കാണുന്നതിനായി ആവിഷ്കരിച്ച അതിദാരിദ്ര്യ നിർമാർജനം പരിപാടിയുടെ രണ്ടാം ഘട്ടത്തിനായി അതിദാരിദ്ര്യ നിർമാർജനം 2.0 തുടർ പ്രവർത്തനങ്ങൾക്കായി ഈ സാമ്പത്തിക വർഷം രണ്ട് ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. തുടർ പ്രവർത്തനം എന്നത് ആദ്യഘട്ടത്തിൽ നിന്നും അതിദാരിദ്ര്യത്തിൽ നിന്നും മോചിതരായവർ തിരികെ പഴയ സാഹചര്യത്തിലേക്ക് മടങ്ങിപ്പോകാതെയും, നിലവിൽ സഹായം ലഭിക്കുന്നവരുടെ സുസ്ഥിരത ഉറപ്പാക്കുകയും ചെയ്യുന്നു. അവരുടെ ഉന്നമനം ആണ് പ്രധാന ലക്ഷ്യം ഇതിനുള്ള കൃത്യവും ആസൂത്രിതവുമായ നടപടികൾ ഉണ്ടാകും.
ഭിന്നശേഷി ക്ഷേമം
ബൌദ്ധികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി കുട്ടികളുടെ ബൌദ്ധികവികാസം, സാമൂഹിക സുരക്ഷ അവരെ സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നീ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ സൗജന്യ വിദ്യാഭ്യാസ, പുനരധിവാസ കേന്ദ്രമായി നമ്മുടെ പഞ്ചായത്തിൽ ബഡ്സ് സ്കൂൾ ആരംഭിക്കുന്നു ഇതിനായി 6 ലക്ഷം രൂപ വകയിരുത്തുന്നു. ഭിന്നശേഷിക്കാരായ വ്യക്തികളുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അവർക്ക് തുല്യനീതി ഉറപ്പാക്കുന്നതിനുമായി ഭിന്നശേഷി കലോത്സവം സംഘടിപ്പിക്കുന്നു, ഇതിനായി അമ്പതിനായിരം രൂപ വകയിരുത്തുന്നു.
ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ മൂലം കിടപ്പിലായ നമ്മുടെ സമൂഹത്തിലെ ആളുകളെ അവരുടെ പ്രയാസങ്ങൾ ലഘൂകരിക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും നടപ്പിലാക്കുന്ന സമഗ്ര പരിചരണ രീതിയാണ് പാലിയേറ്റീവ് കെയർ. ചികിത്സ ആശുപത്രികളിൽ മാത്രമല്ല വീടുകളിലും ഉറപ്പാക്കുന്നു നിർധനരായ കിടപ്പിലായ രോഗികൾക്ക് എയർ ബെഡ് വരെ ലഭിക്കുന്നതിനുള്ള പദ്ധതിയാണിത്. ഇതിനായി 11 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രം വഴി വനിതകൾക്ക് ശാരീരികമായും മാനസികമായും സ്മാർട്ട് ആവാൻ വനിതാ ജിംനേഷ്യം. ഇതിനായി ഒരു ലക്ഷം രൂപ വകയിരുത്തുന്നു.
നമ്മൾ കൂടുതൽ പ്രാധാന്യത്തോടെ കാണുന്ന മേഖലയാണ് വനിത മേഖല നമ്മുടെ ഈ കൊച്ചു ഗ്രാമത്തിന്റെ വികസനത്തിന് ഒഴിച്ചുകൂടാനാവാത്ത വിഭാഗം തന്നെയാണ് ഞാൻ അടങ്ങുന്ന സ്ത്രീ വിഭാഗം. സ്ത്രീകളുടെ ഉന്നമനം കുടുംബത്തിന്റെയും നമ്മുടെ ഗ്രാമത്തിന്റെയും സുസ്ഥിരവികസനത്തിന് അത്യന്താപേക്ഷിതമാണ്. സമൂഹത്തിന്റെ ശക്തിയും പുരോഗതിയും നിർണയിക്കുന്നതിൽ വലിയ പ്രാധാന്യമുണ്ട്. സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് ഇവരെ എത്തിക്കുന്നതിനും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനുമുള്ള കൈത്താങ്ങ് ആവാൻ ആണ് നമ്മൾ ലക്ഷ്യം വയ്ക്കുന്നത്. അതിൻറെ ഭാഗമായി സ്ത്രീകൾക്കായി പദ്ധതിയിൽ ഇരുപത്തിയാറു ലക്ഷത്തി അറുപത്തിനാലായിരം രൂപ വകയിരുത്തിയിരിക്കുന്നു.
കേരള സർക്കാരിൻറെ ഏറ്റവും ശക്തമായ സ്ത്രീ സംഘടന പദ്ധതിയാണ് കുടുംബശ്രീ. ഈ കുടുംബശ്രീ ഗ്രൂപ്പുകൾ വഴി പച്ചക്കറി, കിഴങ്ങ് വർഗകൃഷി പ്രോത്സാഹനത്തിനായി 2,28,000 രൂപ വകയിരുത്തിയിരിക്കുന്നു. തിരക്കേറിയ നമ്മുടെ ജീവിത സാഹചര്യത്തിൽ വൃത്തിയുള്ളതും രുചിയുള്ളതുമായ ഭക്ഷണം വിതരണം ലക്ഷ്യമിട്ട് ആവിഷ്ക്കരിച്ച പദ്ധതിയാണ് കമ്മ്യൂണിറ്റി കിച്ചൻ പദ്ധതി. നമ്മുടെ ഗ്രാമങ്ങളിലെ തന്നെ വിഭവങ്ങളെ ഉപയോഗപ്പെടുത്തി ഗ്രാമങ്ങളിലെ ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് വിഭാവനം ചെയ്യുന്ന ഈ പദ്ധതിക്കായി അഞ്ച് ലക്ഷത്തി ഇരുപത്തി എട്ടായിരം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
വനിതകളുടെ ക്ഷേമം
വനിതകളെ സാമ്പത്തികമായി ഉന്നമനത്തിൽ എത്തിക്കുന്നതിന് ഒരു കൈത്താങ്ങായി പ്രത്യേകിച്ച് വിധവകൾ ആയ വനിതകൾക്ക് ആടു വിതരണത്തിനായി ഒരു ലക്ഷത്തി നാല്പത്തിനാലായിരം രൂപ വകയിരുത്തിയിരിക്കുന്നു. മറ്റൊരു പ്രധാന പദ്ധതിയാണ് വനിതകൾക്ക് ബാൻഡ് മേളം ഉപകരണവും പരിശീലനവും യൂണിഫോം നൽകലും ഇതിനായി 5 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. ഇതിൽ മറ്റൊരു പ്രധാനപ്പെട്ട വനിതാ പ്രോജക്ട് ആണ് ഷീ ഓട്ടേ ഇതിനായി ആറ് ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.
സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സമ്മർദ്ദം കുറയ്ക്കുന്നതിനും ആയി യോഗ പരിശീലനത്തിന് പ്രാധാന്യം നൽകുന്നു. ഇതിനായി ഒരു ലക്ഷത്തി നാല്പത്തിനാലായിരം രൂപ വകയിരുത്തിയിട്ടുണ്ട്.
സാമൂഹ്യ സുരക്ഷ വിഷയമേഖലയിൽ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി വനിതകൾക്ക് ഇലക്ട്രോണിക് ഇൻറർനെറ്റിൽ സൈബർ സുരക്ഷ ക്ലാസുകൾ ലഭ്യമാക്കുന്നു. വർദ്ധിച്ചുവരുന്ന തെറ്റായ സോഷ്യൽ മീഡിയ ഉപയോഗങ്ങൾ വരുത്തി വയ്ക്കുന്ന ചില പരിണിതഫലങ്ങളെ നമ്മുടെ സ്ത്രീ സമൂഹത്തിന് മുൻകരുതലുകൾ നൽകാൻ സഹായിക്കും. ഇതിനായി 50,000 രൂപ വകയിരുത്തിയിരിക്കുന്നു.
ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു വനിതാ വിഷയം മേഖലയാണ് പ്രസവാനന്തര വിഷാദം പ്രസവത്തിനുശേഷം മാസങ്ങളോളം നീണ്ടുനിൽക്കുന്ന അമ്മയുടെ ദൈനം ദിന ജീവിതത്തെയും കുഞ്ഞിനെ പരിചരിക്കുന്നതിനേയും ബാധിക്കുന്നു ഗൗരവരമായ മാനസികാവസ്ഥയാണ് ഇത്. ഇതിന് സമാനമായ ഒരു വിഷയം നമ്മുടെ ഗ്രാമത്തിൽ ഉദാഹരണമായി തന്നെ നിലനിൽക്കുന്നു, അതിനാൽ പോസ്റ്റ് പാർട്ടം ഡിപ്രഷൻ കൗൺസിലിംഗി നായി ഒരു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
സ്ത്രീകളുടെ സർഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനും ലിംഗ സമത്വം ഉറപ്പാക്കുന്നതിനും സ്ത്രീകളിൽ ആത്മവിശ്വാസം ഉറപ്പുവരുത്തുന്നതിനും അവരെ പ്രാപ്തരാക്കുന്നതിന് വേണ്ടി ലക്ഷ്യം വെക്കുന്ന മറ്റൊരു പ്രധാന പദ്ധതിയാണ് വനിതാ കലോത്സവം. സ്ത്രീശക്തികരണവും അവകാശങ്ങളും ഉയർത്തിക്കാട്ടാൻ ഇത് വേദിയൊരുക്കുന്നു. ഇതിനായി ഒരു ലക്ഷം രൂപ വകയിരുത്തുന്നു.
പട്ടികജാതി ക്ഷേമം
പ്രത്യേക പരിഗണന അർഹിക്കുന്ന സമൂഹത്തിന്റെ ക്ഷേമത്തിനായി സാമൂഹിക പശ്ചാത്തല സൗകര്യങ്ങളുടെ വികസനം ലഭ്യമാക്കുന്ന തരത്തിലുള്ള പദ്ധതികളാണ് ഈ മേഖലയിൽ ആവിഷ്കരിച്ചിരിക്കുന്നത്. ഈ വിഭാഗത്തിൽപെട്ടവരുടെ കുടുംബങ്ങൾക്കും നേരിട്ട് പ്രയോജനം ലഭിക്കുന്ന പദ്ധതികൾക്കാണ് രൂപം നൽകിയിരിക്കുന്നത്.
പ്രത്യേക പരിഗണന അർഹിക്കുന്ന സമൂഹത്തിന്റെ വീട്, വൈദ്യുതി,കുടിവെള്ളം ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ എന്നിവ ഉറപ്പുവരുത്തുന്നു. പഠനമുറി ലാപ്ടോപ്പ് സ്കോളർഷിപ്പ് തുടങ്ങിയ വിദ്യാഭ്യാസം ഉന്നമനത്തിന് കൈത്താങ്ങ് ആവുന്ന വിധത്തിൽ പദ്ധതി ആവിഷ്കരിക്കുന്നു.
ഈ വിഭാഗത്തിൽപ്പെട്ട വയോജനങ്ങൾക്ക് കട്ടില്, വിധവകൾ ആയിട്ടുള്ള സ്ത്രീകളുടെ പെൺമക്കൾക്ക് വിവാഹ ധനസഹായം എന്നിവ ഉറപ്പുനൽകുന്നു.
വയോജന ക്ഷേമം
നമ്മുടെ മറ്റൊരു പ്രധാന ക്ഷേമപ്രവർത്തന മേഖല ആണ് വയോജന ക്ഷേമം അതിനായി നിരവധി സുധർഹ്യമായ ക്ഷേമ പ്രവർത്തനകാഴ്ച്ചപാടാണ് നമ്മൾ ആവിഷ്കരിച്ചിരിക്കുന്നത്. അതിൽ പ്രധാനമാണ് പകൽ വീട് എന്ന പദ്ധതി. അവർ ഈ സമൂഹത്തിൽ അനുഭവിക്കുന്ന ഒറ്റപെടലിനും സാമൂഹിക ചുറ്റുപാടുമായി ഉണ്ടാകുന്ന വിരക്തിക്കും ഒരു മാറ്റമാണ് നമ്മുടെ ലക്ഷ്യം ഒത്തുകൂടാനും അവരുടെ സന്തോഷങ്ങൾ പങ്കിടാനും ഉള്ള ഒരിടം. അതോടൊപ്പം തന്നെ അവരുടെ സാമൂഹിക ആരോഗ്യ മേഖലയിൽ വലിയൊരു മാറ്റത്തിനായുള്ള പദ്ധതികൾ ആണ് ആവിഷ്കരിച്ചിരിക്കുന്നത്. അതിൽ തൊഴിൽ പരിശീലനം, വയോജന കൂട്ടായ്മകൾ സംഘടിപ്പിക്കൽ, ആരോഗ്യ ക്യാമ്പുകൾ ഇവ പ്രാധാന്യ മർഹിക്കുന്നു.
വിദ്യാഭ്യാസം
2026-27 സാമ്പത്തിക വർഷം പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനും സാങ്കേതിക സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തുന്ന പദ്ധതികളാണ് ആവിഷ്കരിക്കുന്നത്.
പൊതു വിദ്യാലയത്തിലേക്ക് കുട്ടികളെ ആകർഷിക്കത്തക്ക വിധം ക്യാമ്പയിനുകൾ ആണ് ആരംഭിക്കുന്നത്. കൂടാതെ കുട്ടികൾക്കായുള്ള കരിയർ ഗൈഡൻസ് ക്ലാസുകൾക്ക് പ്രാധാന്യം നൽകുന്നു. കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിന് ബി ആർ സി ട്രെയിനറൻന്മാരുടെ സേവനം ഉറപ്പുവരുത്തുന്നു.
കുട്ടികളുടെ സംരക്ഷണവും സാമൂഹിക സുരക്ഷയും മുൻനിർത്തിക്കൊണ്ട് നിയമപരിജ്ഞാനം നൽകുന്നതിന് വിവിധ സമിതികളുടെ സഹായം ഉറപ്പാക്കും. കൃത്യമായ ഇടവേളകളിൽ സ്കൂൾ അധികാരികളുടെയും പിടിഎ പ്രതിനിധികളുടെയും യോഗം ഗ്രാമപഞ്ചായത്ത് തലത്തിൽ വിളിച്ചു ചേർക്കുകയും അവരുടെ പ്രശ്നപരിഹാര ചർച്ച വിപുലമാക്കുകയും ചെയ്യുന്നു.
മാത്രമല്ല മികച്ച നിലവാരമുള്ള പഠനോത്സവങ്ങൾ സംഘടിപ്പിക്കുകയും ഇതുവഴി കുട്ടികളിൽ നൈപുണ്ണി വികാസത്തിനും ആത്മവിശ്വാസത്തോടെ പ്രശ്നങ്ങളെ നേരിടാനുമുള്ള സ്വതന്ത്ര വേദിയും ഒരുക്കുകയും ചെയ്യുന്നു.
കാർഷിക വികസനം
നമ്മുടെ ഗ്രാമത്തിന്റെ കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് നാം പ്രതീക്ഷിക്കുന്നത്. അതിനായി നമ്മുടെ ഗ്രാമത്തിന്റെ ഗ്രാമീണഭംഗിയും അതോടൊപ്പം തന്നെ പ്രകൃതി സംരക്ഷണവും വരുമാന വർദ്ധനവും ഭക്ഷ്യസുരക്ഷയും നമ്മൾ ലക്ഷ്യം ചെയ്യുന്നു.
അതിനായി കാർഷിക മേഖല പ്രാധാന്യം നൽകുന്നവ
കാർബൺ ന്യൂട്രൽ കൃഷി പ്രോത്സാഹിപ്പിക്കുന്ന പദ്ധതി -ഫലവൃക്ഷത്തൈ വിതരണമാണ്, ഇതിനായി 60,000 രൂപ വകയിരുത്തുന്നു
വാഴകൃഷി ഒരു ലക്ഷം രൂപ വകയിരുത്തുന്നു,
പച്ചക്കറി കൃഷി പ്രോത്സാഹനം 50,000 രൂപ വകയിരുത്തുന്നു, ,
ഇടവിള കൃഷി 5 ലക്ഷം രൂപ വകിയിരുന്നു
കുറ്റിക്കുരു മുളക് കൃഷി ഒരു ലക്ഷത്തി പന്ത്രണ്ടായിരത്തി അഞ്ഞൂറ് രൂപ വകയിരുത്തുന്നു
നമ്മുടെ മറ്റൊരു പ്രധാനപ്പെട്ട മേഖലയാണ് മത്സ്യബന്ധനം. നമ്മുടെ ഗ്രാമത്തിന്റെ ഭൂരിഭാഗവും തീരദേശ മേഖലയാണ്. തീരദേശ ജനതയുടെ ഉപജീവനത്തിൽ നിർണായക പങ്കുവഹിക്കുന്ന സാമ്പത്തിക പ്രവർത്തനമാണ് മത്സ്യബന്ധനം. ഇതിൽ പ്രധാനമായും നമ്മുടെ കായൽ വിഭവത്തെ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.
മത്സ്യമേഖലയിലെ വിഭവങ്ങളുടെ സംരക്ഷണവും ഉൽപാദനം വർധിപ്പിക്കുക ഒപ്പം തന്നെ പ്രാധാന്യം അർഹിക്കുന്നതാണ് അവരുടെ കുടുംബങ്ങളുടെയും ഉന്നമനം അതിന് ഊന്നല് നൽകും വിധത്തിലുള്ള പ്രധാന പദ്ധതികൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. കരിമീൻ കൂട് കൃഷി ഇതിനായി 6 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. മുറ്റത്തൊരു മീൻ തോട്ടം ഒരു ലക്ഷത്തി ഇരുപത്തി എട്ടായിരം രൂപ വകയിരുത്തിയിരിക്കുന്നു.
മൃഗസംരക്ഷണം
മൃഗസംരക്ഷണ മേഖലയ്ക്കും കൂടുതൽ പ്രാധാന്യം നൽകി കൊണ്ടാണ് ഈ സാമ്പത്തിക വർഷത്തിലെ പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നത്. കന്നുകുട്ടി പരിപാലനത്തിനായി 2 ലക്ഷത്തി ഇരുപത്തി നാലായിരം രൂപ വകയിരുത്തിയിരിക്കുന്നു. കറവപ്പശുക്കൾക്ക് കാലിത്തീറ്റ വിതരണം – മൂന്ന് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
കുടിവെള്ളം
പേരയം പഞ്ചായത്തിലെ പ്രധാന പ്രശ്നം ശുദ്ധജല ദൗർലഭ്യം ആണ്. ജനങ്ങളിൽ ശുദ്ധജലം നിർലോഭം എത്തിക്കുക എന്ന ഉത്തരവാദിത്വം പഞ്ചായത്ത് ഭരണസമിതിക്കുണ്ട്. ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന് സംസ്ഥാന സർക്കാരിൻറെ പിന്തുണയോടെ ജലവിഭവ വകുപ്പുമായി ചേർന്ന് പടപ്പക്കര പ്രദേശത്ത് ഉപയോഗശൂന്യമായി കിടക്കുന്ന മൂന്നു വാട്ടർ ടാങ്കുകൾ നവീകരിച്ച് മുളവന OH ടാങ്കിൽ നിന്നും ഈ ടാങ്കുകളിലേക്ക് വെള്ളം എത്തിച്ചാൽ പഞ്ചായത്തിന്റെ പകുതിയോളം പ്രദേശത്തെ ജനങ്ങളിലേക്ക് കുടിവെള്ളമെത്തിക്കാനാകും. ഈ പ്രവർത്തനം ഏറ്റെടുക്കുകയും, ഈ പ്രവർത്തന സാധ്യത (ഫീസിബിലിറ്റി) വാട്ടർ അതോറിറ്റിയുമായി ചേർന്ന് പരിശോധിക്കുകയും ചെയ്യും.
സദ്ഭരണം
സദ്ഭരണത്തിലൂടെയും നിലവാരമുള്ള സേവനങ്ങളിലൂടെയും പൗരസംതൃപ്തി ഉറപ്പാക്കുന്ന ഒരു ഗുണനിലവാര മാനേജ്മെൻറ് സംവിധാനം വികസിപ്പിക്കുന്നതിന് ഐഎസ്ഒ സർട്ടിഫിക്കേഷന് നേടുന്നതിനായി ഒരു ലക്ഷത്തി അമ്പതിനായിരം രൂപ വകയിരുത്തിയിട്ടുണ്ട്.
പി എച്ച് സിയിൽ സിസിടിവി ക്യാമറ സ്ഥാപിക്കൽ എന്ന പദ്ധതി ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രകൃതി സംരക്ഷണം
ഈ പുത്തൻ സാമ്പത്തിക വർഷത്തിൽ അതീവ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. അതിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് ആണ് ജൈവവൈവിധ്യ മാനേജ്മെന്റ് വർക്കിംഗ് ഗ്രൂപ്പിന്റെ നിർദ്ദേശങ്ങൾ ഉയർന്നുവന്നത്. അതിന്റെ ഭാഗമായി നമ്മുടെ നാട്ടിലെ കുളങ്ങളും മറ്റു ജലസംഭരണികളും സംരക്ഷിക്കുന്നതിനും പ്രകൃതി വിഭവങ്ങളുടെ ദുരുപയോഗം തടയലിനുമായുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നത്. പ്രകൃതി സംരക്ഷണത്തിൽ വലിയൊരു പങ്ക് മാലിന്യനിർമാർജനത്തിന് ഉണ്ട്. അവയുടെ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ടുള്ള കർമ്മ പദ്ധതികൾ ആണ് ഹരിതമ സേനയുമായി ചേർന്ന് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് മാത്രവുമല്ല ഇതിന്റെ ഭാഗമായി പഞ്ചായത്തിന്റെ പല മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലും ക്യാമറ സ്ഥാപിക്കലിനുള്ള പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്.
ടൂറിസം വികസനം
അഷ്ടമുടി കായലിന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന നമ്മുടെ പേരയം ഗ്രാമപഞ്ചായത്ത് ടൂറിസം മേഖലയിൽ അനന്തമായ സാധ്യതകൾ ആണ് ഉള്ളത് ഇത് സ്വകാര്യ സംയുക്ത സംരംഭങ്ങൾ ആയി വളർത്തിയെടുക്കുക നമുde ആവശ്യം.
ഇതിന് ഭൗതിക സാഹചര്യങ്ങൾ സൃഷ്ടിക്കാൻ തീരദേശ റോഡുകൾ പൂർത്തിയാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുകയും കുതിരമ്പ് മണക്കടവ് പാലം സാക്ഷാൽക്കരിക്കുകയും വേണം ഇതിന് ആവശ്യമായ സമ്മർദ്ദം സർക്കാരിൽ ചെലുത്തുന്നതിന് ഉള്ള പ്രവർത്തനം ഭരണസമിതി നടത്തും.
ടൂറിസം മേഖലയിൽ വരുന്ന സാമ്പത്തിക വർഷങ്ങളിൽ ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളുമായി ചേർന്ന് സംയുക്ത സംരംഭങ്ങൾ ആയി പദ്ധതികൾ തയ്യാറാക്കി പ്രാവർത്തികമാക്കും. ഇതിനാവശ്യമായ പ്രാഥമിക പ്രവർത്തനങ്ങൾ ഈ ബഡ്ജറ്റ് കാലയളവിൽ പഞ്ചായത്ത് ഭരണസമിതി തുടങ്ങുമെന്ന് ഉറപ്പുനൽകുന്നു.
സാമ്പത്തിക വിശകലനം
വരവുകൾ
നികുതി വരവുകൾ - 7675000/-
നികുതിയിതര വരവുകൾ - 8176500/-
ജനറൽ പർപ്പസ് ഫണ്ട് - 17316000/-
പദ്ധതി വിഹിതം
വികസന ഫണ്ട് - 25475000/-
കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റ്
ബേസിക് ഗ്രാന്റ് - 2837569/-
ടൈഡ് ഗ്രാന്റ് - 6125757/-
ആകെ പൊതു വിഭാഗം - 34438326/-
പ്രത്യേക ഘടക പദ്ധതി – 3506000/-
ആകെ വികസന ഫണ്ട് – 37944326/-
ആകെ മെയിന്റൻസ് ഫണ്ട് - 21385000/-
സംസ്ഥാന ബജറ്റ് ഗ്രാമപഞ്ചായത്തുകൾക്കായി വകയിരുത്തിയിട്ടുള്ള തുകയിൽ പ്ലാൻ ജനറൽ, മെയിന്റനൻസ് ഗ്രാന്റ് എന്നിവയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് വിഹിതമായി 3200000/- രൂപയും ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി 4500000/- രൂപയും കേന്ദ്രാവിഷ്കൃത പദ്ധതിയിലൂടെ 6500000/- രൂപയും പഞ്ചായത്ത് പ്രതീക്ഷിക്കുന്നു.
പ്രിയമുള്ളവരെ,
ആഗോള തൊഴിലില്ലായ്മ പഴയകാലങ്ങളിൽ നിന്നും തെല്ലും മെച്ചപ്പെടാതെ വർധിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് ILO റിപ്പോർട്ട്. മാന്യമായ തൊഴിൽ സാധ്യതകൾ ലോകത്ത് കുത്തനെ ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. തൊഴിൽ ലഭിച്ചവരിൽ ബഹുഭൂരിപക്ഷവും അസംഘടിത മേഖലയിലും വേതനം വളരെ കുറഞ്ഞ രംഗങ്ങളിലുമാണ് പ്രവർത്തിക്കുന്നത്.
അവിടെ ലോക സാമ്പത്തിക രംഗവും സാമൂഹിക രാഷ്ട്രീയരംഗങ്ങളും പല രീതിയിൽ അസ്ഥിരമായി തന്നെ തുടരുകയാണ്.
ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനെ ആക്രമിച്ചതോടുകൂടി ലോകമാകെ അശാന്തിയുടെ നിഴലിൽ നിൽക്കുന്ന സാഹചര്യത്തിലൂടെയാണ് നാം കടന്നു പോകുന്നത്. മനുഷ്യരാശിയുടെ നിലനിൽപ്പിനു തന്നെ ലോകമാകെ സമാധാനം പുലരേണ്ടതോടൊപ്പം നമ്മുടെ രാഷ്ട്രപിതാവ് മഹാന്മാഗാന്ധി പറഞ്ഞത്പോലെ "ഹിംസ അല്ല അഹിംസയാണ് " നമ്മുടെ ആപ്തവാക്യം.
വിസ്മയങ്ങളെ വിസ്മയിപ്പിച്ച ഒട്ടേറെ ചരിത്രാനുഭവങ്ങളാൽ സമ്പന്നമായ നമ്മുടെ നാടിന്റെ തലമുറകളുടെയും പിൻതലമുറക്കാരുടെയും സാമൂഹിക സാംസ്കാരിക വൈജ്ഞാനിക ജീവിതത്തെയും നാടിന്റെ വികസനത്തിനായും നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
പ്രിയമുള്ളവരെ,
പ്രാരംഭ ബാക്കി - നാല്പതിനാല് ലക്ഷത്തി പതിനയ്യായിരത്തി അറുനൂറ്റി ഇരുപത്തി മൂന്ന് രൂപയും (4415623/-)
വരവ് - ഇരുപത്തിനാല് കോടി പത്തു ലക്ഷത്തി അറുപത്തിയേഴായിരത്തി എഴുനൂറ്റി മൂന്ന് രൂപയും (241067703/-)
ആകെ വരവ്- ഇരുപത്തിനാല് കോടി അമ്പതിനാല് ലക്ഷത്തി എൺപത്തിമൂവായിരത്തി മുന്നൂറ്റി ഇരുപത്തിയാറ് രൂപയും (245483326/-)
ചെലവ്-ഇരുപത്തിനാല് കോടി മുപ്പത്തിയെട്ട് ലക്ഷത്തി അറുപത്തി യേഴായിരത്തി നാണൂറ്റി അന്പത്തിയൊന്ന് രൂപയും(243867451/-)
നീക്കി ബാക്കി - പതിനാറ് ലക്ഷത്തി പതിനയ്യായിരത്തി എണ്ണൂറ്റി എഴുപത്തിയഞ്ച് (1615875/-) രൂപയുമുള്ള പേരയം ഗ്രാമപഞ്ചായത്തിന്റെ 2026-27 ലെ ബജ അംഗീകരിച്ചു.